ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യകളും

 ആധുനിക മനുഷ്യൻ പിറന്നത് യൂറോപ്പിലാണ്.

ആധുനികങ്ങളായ ചിന്തകളും ശാസ്ത്രവും പിറന്നതും യൂറോപ്പിലാണ്. ലോകം മുഴുവൻ യാത്ര ചെയ്ത് സംഭരിച്ച അറിവുകളാൽ നൂറ്റാണ്ടുകളുടെ അധ്വാനം കൊണ്ട് അന്നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് നവലോകം. 

ഇംഗ്ലീഷാണ് ഈ നവലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ. 

ആ ലോകത്ത് ഒരു ചെറുവിരലെങ്കിലും അനക്കണമെങ്കിൽ ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാതെ പറ്റില്ല. കാരണം ആധുനിക ചൈനയേയും ജപ്പാനേയും റഷ്യയേയും യൂറോപ്പിലെ തന്നെ മറ്റ് രാജ്യങ്ങളേയും പോലൊന്നും അല്ലല്ലോ ഇന്ത്യ. 

ഈ നാടുകളിലൊക്കെ അവരവരുടെ സ്വന്തം ഭാഷയിൽ തന്നെ കാര്യങ്ങൾ കിട്ടും. ഇവിടെ ഭാഷയുടെ കാര്യത്തിൽ പോലും അപകർഷത ആയതുകൊണ്ട് വല്ല ചപ്പും കുപ്പയുമല്ലാതെ നല്ലതൊന്നും കിട്ടില്ല. അവിടങ്ങളിൽ പക്ഷേ അതില്ല.


എന്തായാലും ഭാഗ്യം കൊണ്ടാണോ നിർഭാഗ്യം കൊണ്ടാണോ എന്നറിയില്ല, ആ ഭാഷ ചെറുപ്പം മുതൽ പഠിക്കുന്നുണ്ട്. 

അതിൻ്റെ ഒരു ബലം കൊണ്ടും ആയിരിക്കാം പേരിന് മോഡേൺ സയൻസിലെ എന്തൊക്കെയോ കാര്യങ്ങളും ഒപ്പം ടെക്നോളജിയും കൂടെ ഉപയോഗിക്കാൻ പഠിച്ചു.

ഇംഗ്ലീഷ് സിനിമളിലൂടെയും മറ്റും അവരുടെ നാടിനെപ്പറ്റിയും രീതികളെപ്പറ്റിയും അങ്ങോട്ട് നേരിട്ട് പോകാതെ കൂടുതൽ അറിയാനും കഴിഞ്ഞു. ഇഷ്ടവും ഉണ്ട്.

ഇതിൻ്റെയൊക്കെ ബലത്തിലാണ് മാന്യതയുടെ ഒരു പരിവേഷം കിട്ടിയത്. കുറച്ചെങ്കിലും പിടിച്ചു നിൽക്കാൻ പറ്റിയത്, ആത്മപ്രിയം വേദാന്തം ഉൾപ്പെടെയുള്ള ഭാരതീയ ദർശനങ്ങളോട് ആയിട്ട് കൂടി. അല്ലെങ്കിൽ പണ്ടേക്കു പണ്ടേ എഴുതിത്തള്ളേണ്ടതായിരുന്നു. 

പക്ഷേ എന്തൊക്കെ പറഞ്ഞാലും വരത്തൻ വരത്തൻ തന്നെയാണല്ലോ. വിദേശഭാഷ വിദേശഭാഷ തന്നെ.

ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞപ്പോഴാണ് ഈ അകൽച്ച കൂടുതൽ ബോദ്ധ്യപ്പെട്ട് തുടങ്ങിയത്. പരീക്ഷ ജയിക്കാൻ വേണ്ടി മാത്രം പഠിക്കുക എന്നതിനപ്പുറത്തേക്ക് പഠിക്കേണ്ടി വരിക എന്നായപ്പോൾ.


കംപ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയിലെ പദങ്ങൾ (syntax കൾ) മലയാളത്തിൽ എഴുതിയും മറ്റും ഈ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് നോക്കിയിരുന്നു. അങ്ങിനെ ചെറിയ ചില പ്രോഗ്രാമുകൾ ഒക്കെ സ്വന്തം സന്തോഷത്തിന് കടലാസിൽ എഴുതി കളിച്ചിട്ടുണ്ട്. 

വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ കാര്യം ഇന്ന് ഒരിക്കൽ കൂടി ഓർത്തതിൻ്റെ ഫലമാണ് ഈ എഴുത്ത്. 

പക്ഷേ അന്നത്തെ എനിക്ക് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസഫലമായി ഇതിൻ്റെ ഈറ്റില്ലങ്ങളിൽ വച്ച്തന്നെ നടന്ന രണ്ട് മഹായുദ്ധങ്ങളേപ്പറ്റി അറിയില്ലായിരുന്നു. ഇന്നും മനസ്സുകളിലും പ്രകൃതിയിലും സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളെപ്പറ്റി അറിയില്ലായിരുന്നു. 


എന്നാൽ ഇന്ന് കാണുന്നു, ഇതും പണ്ടെന്നോ മറ്റൊരു ലോകത്ത് സമസ്ത പ്രതാപങ്ങളോടുകൂടി സൃഷ്ടിച്ചെടുത്ത ഭാരതസാമ്രാജ്യവും അതിന്റെ ഒടുവിലെ കുരുക്ഷേത്ര യുദ്ധവും. 

സമസ്ത പ്രതാപങ്ങളോടുകൂടി സൃഷ്ടിച്ചെടുത്ത രാവണൻ്റെ ലങ്കയും ഒടുവിൽ അത് നിന്ന് കത്തുന്നതും. 

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഒടുവിലെ സംഭാവന!

Comments

Popular posts from this blog

ചില സങ്കല്പ പ്രശ്നങ്ങൾ

മുകുന്ദനുണ്ണി അസോസിയേറ്റ്സ്