വിഷയലോകവും സാധകരും

ജഗത്ത് അഥവാ ലോകം ഒരുവന് പ്രകാശിക്കുന്നത് അവിദ്യയിൽ മാത്രമാണ്. അങ്ങിനെയുള്ള ജഗത്തിനെ ഒരുവൻ അനുഭവിക്കുന്നത് അഞ്ച് ഇന്ദ്രിയങ്ങളും അവയുടെ ശക്തികളും പിന്നെ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്തഃകരണങ്ങളും ചേരുമ്പോഴാണ്. 

മങ്ങിയ വെളിച്ചത്തിൽ മുറ്റത്തൊരു കയർ കിടക്കുന്നത് കണ്ടു. അത് പാമ്പെന്ന് തെറ്റിദ്ധരിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ വെളിച്ചം വന്നപ്പോഴാണ് കണ്ടത് കയറായിരുന്നെന്നും പാമ്പല്ലായിരുന്നു എന്നും ബോദ്ധ്യപ്പെട്ടത്. കയറിനെ പാമ്പ് എന്ന് ബുദ്ധി തെറ്റിദ്ധരിച്ചു. ഭയന്നു. അതായത് ബുദ്ധിക്ക് ഭ്രമം ഉണ്ടാവുകയും അത് ഭയത്തെ ഉണ്ടാക്കുകയും ചെയ്തു. 

ഏതൊന്ന് കാരണമാണോ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിക്കാനും ഭ്രമിക്കാനും ഇടയായത് അത് അവിദ്യ അഥവാ മായ. ഏതൊന്ന് കാരണമാണോ കണ്ടത് പാമ്പിനെയായിരുന്നില്ല മറിച്ച് വെറും കയറിനെയായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തി ഭ്രമം നീക്കിയത് അത് വിദ്യ അഥവാ ജ്ഞാനം. 

ഇതുപോലെ വെറും മായയായ ഈ ജഗത്ത് ഉണ്മയുള്ളതാണ് അഥവാ സത്യമാണ് എന്ന് ബുദ്ധിയെ തെറ്റിദ്ധരിപ്പിക്കുന്നത് അവിദ്യ. 

അവിദ്യയിൽ കയറിനെ പാമ്പ് എന്ന് തെറ്റിദ്ധരിച്ചതു മുതൽ പ്രഭാതത്തിൽ കണ്ടത് കയർ മാത്രമാണ് എന്ന് ബുദ്ധിയ്ക്ക് ബോദ്ധ്യപ്പെട്ടതു വരെയുള്ള സമയത്തിനുള്ളിൽ ഇതേപ്പറ്റി ഒട്ടുവളരെ ചിന്തകളും ഭാവനകളും മനസ്സും ബുദ്ധിയും ചേർന്ന് ഉണ്ടാക്കിയിരുന്നിരിക്കാം. 

അതുപോലെ മായയായ ഈ ജഗത്തിനെപ്പറ്റിയും ഒട്ടുവളരെ സങ്കല്പങ്ങളും പഠനങ്ങളും പലരാലും ഉണ്ടാക്കപ്പെട്ടിട്ടുണ്ട് ഉണ്ടാക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. 

ഇങ്ങനെ ജഗത്തിൽ മനസ്സിനും ബുദ്ധിക്കും ഉപഭോഗത്തിനു വേണ്ടിയായി (ഭോഗവസ്ഥുക്കളായി) പ്രതിഭാസിച്ചുകാണുന്നവയെ എല്ലാംകൂടി വിഷയങ്ങൾ എന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ലോകം എന്നത് വിഷയങ്ങളുടെ ഒരു ആകാരം മാത്രമാണ്. അവിദ്യയും അവിദ്യയിൽ ജഗത്തും ജഗത്തിൽ വിഷയങ്ങളും അതിൽ അവയെ ഭുജിക്കാൻ പാകത്തിൽ അന്തഃകരണങ്ങളോടും ബാഹ്യകരണങ്ങളോടും കൂടിയ ശരീരവും ആണ് ഉള്ളത്.

 

ഇങ്ങനെ അവിദ്യയിൽ അധിഷ്ഠിതമായി പ്രകാശിക്കുന്ന ഈ വിഷയങ്ങൾ ഒരുവനിൽ ആത്മസൂര്യൻ ഉദിക്കുന്നത് എപ്പെഴോ അപ്പോൾ മുതൽ നിസ്സാരവത്കരിക്കപ്പെടാൻ തുടങ്ങും. അതായത് കയറിനെ പാമ്പെന്ന് തെറ്റിദ്ധരിച്ച് ഭ്രമിച്ചു പോയ ബുദ്ധി പ്രഭാതത്തിൽ ഭ്രമം നീങ്ങി സമത വീണ്ടെടുത്ത പോലെ ജഗത്തും അതിലെ വിഷയ വസ്ഥുക്കളും സത്യമെന്ന് അവിദ്യയിൽ തെറ്റിദ്ധരിച്ച് ഭ്രമിച്ച ബുദ്ധി ആത്മസൂര്യൻ ഉദിക്കുന്നതോടെ പതിയെ ഭ്രമം നീങ്ങി സമതയെ വീണ്ടെടുക്കുന്നു ആത്മപ്രകാശത്തിൽ. അപ്പോഴാണ് ഇതത്രയും ബാലിശമാണ് എന്ന് വ്യക്തിയ്ക്ക് ബോദ്ധ്യപ്പെട്ട് തുടങ്ങുന്നത്.


പക്ഷേ ഇതിനർത്ഥം ഉടനെ തന്നെ ഈ ജഗത്തിനോടും അതിലെ വിഷയങ്ങളോടും (പൊതുവേ സാമാന്യജനം ഉപഭോഗം ചെയ്യുന്നത് എന്ന് കരുതുന്നവ; ഉദാ: സിനിമ, സംഗീതം, കല, കായികം, ആധുനിക സാങ്കേതിക വിദ്യകൾ ബാക്കി ലോകകാര്യങ്ങൾ അങ്ങിനെ അങ്ങിനെ പലതും) ഉള്ള പ്രിയം ഇല്ലാതാവും അല്ലെങ്കിൽ ഇല്ലാതാക്കും എന്നല്ല.

ഭ്രമം നീങ്ങി എന്നാണ് അർത്ഥം.

ഒരിക്കൽ പാമ്പ് എന്ന് തെറ്റിദ്ധരിച്ച് ഭ്രമിച്ച വസ്ഥു കയർ മാത്രമായിരുന്നു എന്ന് ബോദ്ധ്യപ്പെടുന്നതിന് മുൻപും ശേഷവും വസ്ഥു അവിടെ തന്നെ ഉണ്ടായിരുന്നു. അഭാവം വന്നത് ഭ്രമത്തിനാണ്. ഭ്രമം നീങ്ങിയപ്പോൾ വസ്തുവിന്റെ സ്വരൂപം തെളിഞ്ഞു. 

ഇതുപോലെ ജ്ഞാനിയ്ക്ക് ജഗത്ത് മിഥ്യ എന്ന് ബോദ്ധ്യപ്പെട്ടതിൻ്റെ മുൻപും ശേഷവും ജഗത്ത് ഉണ്ട്. 

പക്ഷേ ഭ്രമത്തിൽ നിന്നും മുക്തനാകയാൽ ജഗത്തിൽ തന്നെയാണ് തുടർന്നും സ്ഥിതി ചെയ്യുന്നതെങ്കിലും അതിനാൽ ബാധിക്കപ്പെടുന്നില്ല. വെള്ളത്തിൽ കിടക്കുന്ന താമരയില എപ്രകാരമാണോ നനയാതെ മുകളിൽ കിടക്കുന്നത്, അതുപോലെ. 


ജ്ഞാനി ജ്ഞാനിയുടെ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയിലൂടെ പ്രവർത്തിക്കുന്ന സംസ്കാരജന്യമായ വാസനകളുടെ നില എന്താണോ അതിനനുസരിച്ച് വിഷയങ്ങളിൽ ചിലതിനെ വർജ്ജിക്കുകയോ, ചിലതിനെ നിയന്ത്രിതമായോ അല്ലാതയോ ഉപഭോഗം ചെയ്യുകയോ ചിലതിനെ ത്യജിക്കുകയോ ഒക്കെ ചെയ്യും. 

ജ്ഞാനി തന്റെ നിലയനുസരിച്ച്(അന്തഃകരണത്തിൻ്റെ നില) വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മറ്റു സാധകന്മാർ(ജ്ഞാനികൾ) തങ്ങളുടെ നിലയെ പരിഗണിക്കാതെ അനുകരിക്കാൻ പാടില്ല. 

സാധകന്മാരിൽ ഉത്തമസാധകർ, മദ്ധ്യമസാധകർ, അധമസാധകർ എന്നൊക്കെ ഭേദം ഉണ്ട്. തൻ്റെ അന്തഃകരണത്തിൻ്റെ നിലയെ പരിഗണിക്കാതെ അനുകരണം നടത്തുന്നവരുണ്ടെങ്കിൽ അതും അവിദ്യ ഹേതുവായാണ് എന്ന് ഉത്തമസാധകർക്ക് അറിയും.


കൂടാതെ ഒരു സാധകൻ്റെ നിലയെ അദ്ദേഹത്തിന്റെ ബാഹ്യകർമ്മങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക പലപ്പോഴും വളരെ തെറ്റായ നിഗമനങ്ങൾക്ക് കാരണമാകും. കൂടാതെ മറ്റുള്ളവരെ ഒരു പരിധിക്കപ്പുറം വിലയിരുത്തുന്ന പ്രവണത വിലയിരുത്തുന്നവരാരോ അവരുടെ നിലയെ തന്നെ ബാധിക്കുന്ന തരത്തിലും എത്താം (അന്തഃകരണം അശുദ്ധമാവുന്ന നിലയിലേക്ക് താഴും). അങ്ങനെ അത്തരക്കാർ ആരോ അവരുടെ വാസനകൾ ഒടുങ്ങുന്നതിന് പകരം കൂടുതൽ പ്രബലമാവാനും ഇടയാവാം. അതുകൊണ്ട് സ്വാധ്യായത്തിലൂടെ സ്വന്തം ബുദ്ധിയുടെ പരിധി സ്വയം അറിയുക. 


എന്തിരുന്നാലും സാധകർ ശാസ്ത്രശ്രവണം, മനനം, തപസ്സ്, സ്വാധ്യായം, പ്രവചനം എന്നിവയിൽ നിന്നും വാസനകൾ ഹേതുവായോ അല്ലെങ്കിൽ മറ്റ് കാരണങ്ങളാലോ സാമാന്യ വിഷയങ്ങളെ ഉപയോഗിക്കുന്നത് അർഥകാമങ്ങളിൽ മാത്രം ശ്രദ്ധ കൊടുക്കുന്ന ഭൗതികവാദികൾ, നിരീശ്വരവാദികൾ മുതലായവർക്ക് സാധകരെ തന്നെ മാതൃകയാക്കി സാമാന്യജനത്തെ സ്വധർമ്മത്തിൽ നിന്നും കൂടുതൽ അകറ്റാൻ പ്രേരണ നൽകാനും കൂടെ അവിദ്യ ഹേതുവായി അനുകരിച്ച് അവർ സ്വയം സ്വധർമ്മത്തിൽ നിന്നും അകന്ന് പോകാതിരിക്കാനും തന്റെ നിലയനുസരിച്ച് സാധകൻ തന്റെ ദൃഷ്ടിയിൽ പെടുന്നവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.


ബുദ്ധിഭ്രമത്തിൽ സുഖമുണ്ടെന്ന് കരുതുന്നത് അവിദ്യ കാരണം വന്ന വിഡ്ഢിത്തത്താലാണ്. ആയതിനാൽ വാസനകളെ മര്യാദാപൂർവ്വം ഉപയോഗിച്ച് ശമിപ്പിച്ച് ആത്മലാഭം നേടാനാണ് മാനവൻ സദാ ശ്രമിക്കേണ്ടത്.

അല്ലാത്ത ജീവിതം കുങ്കുമം ചുമക്കുന്ന കഴുതയുടേതിന് സമം തന്നെയാണ്.


മോക്ഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ വിഷയങ്ങളെ വിഷം പോലെ ത്യജിക്കേണമെന്ന അഷ്ടാവക്ര ഉപദേശത്തെ സ്മരിച്ചു കൊണ്ട്, 'പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികൾ പോലുമഹോ ചുഴന്നിടുന്നു!' എന്ന ഗുരുദേവ വചനങ്ങൾ സ്മരിച്ചുകൊണ്ട് ലോകത്തിന് എക്കാലവും മാർഗ്ഗദീപമായിട്ടുള്ള ഭാരതീയ ഗുരുപരമ്പരകളോട് കൃതജ്ഞതയോടെ പ്രണാമം. ഹരി ഓം!

Comments

Popular posts from this blog

ചില സങ്കല്പ പ്രശ്നങ്ങൾ

മുകുന്ദനുണ്ണി അസോസിയേറ്റ്സ്